വിക്കിപീഡിയ എഡിറ്റിംഗിലൂടെ ഓപ്പൺസ്ട്രീട് മാപ് രംഗത്തേക്ക് കടന്നു വന്ന അഖിൽ ഓപ്പൺ കൾചറിനോടുള്ള താല്പര്യം കൊണ്ട് ഇതിനോടകം നിരവധി ഉള്ളടക്കങ്ങൾ ഓപ്പൺസ്ട്രീട് മാപ്പിൽ ചേർത്തുകഴിഞ്ഞു .

Akhil Krishnan S

Education :M.Tech (Computer Science & Engineering)
OSM Contributor since: 2009

1) എപ്പോളാണ് നിങ്ങൾ ഓപ്പൺസ്ട്രീട് മാപ്പിന്റെ ഭാഗമായത് ? എങ്ങനെ ആയിരുന്നു നിങ്ങളുടെ തുടക്കം?
2009 മുതൽ വിക്കിപീഡിയയിൽ എഡിറ്റ് ചെയ്യാറുണ്ടായിരുന്നു. വിക്കിപീഡീയയിലെ പല ഭൂമിശാസ്ത്രപരമായ ലേഖനങ്ങളിലും ഉപയോഗിച്ചിരിക്കുന്ന ഭൂപടം ഓപൺസ്ട്രീറ്റ് മാപിന്റെ സ്ക്രീൻഷോട്ടാണെന്നു കണ്ടു. വിക്കിപീഡിയയിലെ ഉള്ളടക്കം ക്രിയേറ്റീവ് കോമൺസ് ആട്രിബ്യൂഷൻ ഷെയർ എലൈക് അനുമതിപത്രപ്രകാരം പുനരുപയോഗത്തിനുതകും എന്നതിനാൽ തന്നെ അതിൽ ഉപയോഗിക്കുന്ന മറ്റ് ചിത്ര-ശബ്ദ പ്രമാണങ്ങളും അനുഗുണമായ ലൈസൺസിലാകേണ്ടതുണ്ടു്. കൂടുതൽ തിരഞ്ഞെപ്പോൾ വിക്കിപീഡിയയും ലിനക്സും മറ്റ് സ്വതന്ത്രസോഫ്റ്റ്‌വെയറുകളും പോലെതന്നെ ഓപൺസ്ട്രീറ്റ്‌മാപും 'ഓപൺ കൾചറിന്റെ' ഭാഗമാണെന്നു കണ്ടു. അങ്ങനെയാണു് OSM-ൽ ഉള്ളടക്കം ചേർക്കാൻ തുടങ്ങിയത്.

അക്കാലത്തു മലയാ.ളം പോർട്ടലിൽ ഓപൺസ്ട്രീറ്റ്മാപിനെക്കുറിച്ചൊരു ലേഖനം എഴുതിയിരുന്നു. https://malayal.am/node/14169

2) ആദ്യമായി മാപ്പ് ചെയ്തത് എന്താണ് ?
സ്വാഭാവികമായും വീടിനടുത്തുള്ള പ്രധാന ലാന്റ്‌മാർക്കുകളാണു് ആദ്യ കൂട്ടിച്ചേർക്കലുകളിൽ നടത്തിയതു്.

3) നിങ്ങൾ എങ്ങനെയാണു മാപ്പ് ചെയ്യുന്നത് ? നിങ്ങളൊരു armchair-mapper ആണോ ? നിങ്ങൾ എന്തെല്ലാം മാപ്പിംഗ് സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത് ?
നന്നായി അറിയാവുന്ന ഇടങ്ങൾ മാപ്പ് ചെയ്യുന്നതിനു ട്രേസസിന്റെ സഹായം തേടാറില്ല. അറിയാത്ത ഇടങ്ങളും, ടെറസ്ട്രിയൽ മാപ്പ് വ്യക്തതയില്ലാത്ത ഇടവും വരയ്ക്കാൻ വേണ്ടി OSM Tracker for Android ഉപയോഗിച്ച് പകർത്തിയ ട്രേസ് ഉപയോഗിക്കാറുണ്ടു്. ചെറിയ തിരുത്തുകൾക്ക് (കുറവുമാത്രം പോയിന്റുകൾ കൂട്ടിച്ചേർക്കൽ, പിഴവുതിരുത്തൽ) എന്നിവയ്ക്ക് ബ്രൗസറിലെ iD എഡിറ്ററാവും ഉപയോഗിക്കുക. പെട്ടെന്നു തുടങ്ങി കാര്യം തീർക്കാം എന്നുള്ളതാണു ഇതിന്റെ മെച്ചം. കൂടുതൽ വിവരങ്ങൾ സമയമെടുത്ത് ചേർക്കാനുണ്ടെങ്കിൽ JOSM ഉപയോഗിക്കും. ഇടയ്ക്ക് മൊബൈലിൽ Vespucci ഉപയോഗിച്ചിരുന്നു.

ഒരു ലാന്റ് മാർക്കുമായി ബന്ധപ്പെട്ട് അടുത്തുള്ള പോയിന്റുകൾ ചേർക്കുകയാണു ഞാൻ ചെയ്യാറുള്ളതു്.

4) മാപ്പിങ്ങിൽ നിങ്ങൾ നേരിടുന്ന വെല്ലുവിളികൾ എന്തൊക്കെയാണ് ?
തുടക്കകാലത്തു ബാക്ഗ്രൗണ്ടിലുപയോഗിച്ചിരുന്ന ടെറസ്ട്രിയൽ മാപ്പുകൾ മേഘങ്ങൾ നിറഞ്ഞതിനാലും മറ്റും അവ്യക്തായിരുന്ന അവസ്ഥകളുണ്ടായിരുന്നു. ഇപ്പോൾ ഒന്നിലധികം ബാക്‌ഗ്രൗണ്ട് ലെയറുകൾ ലഭ്യമായതിനാൽ അവസ്ഥ നന്നായി മെച്ചപ്പെട്ടു.

5) നിങ്ങൾ പ്രധാനമായും മാപ് ചെയ്യുന്ന സ്ഥലം ഏതാണ് ?
കൃത്യമായ ഇന്ന ഇടമെന്നില്ല. പോകുന്ന ഇടങ്ങളിൽ പലതും മാപ്പ് ചെയ്യാറുണ്ടു്. പോകത്ത, എന്നാൽ അത്രയധികം താത്പര്യമുള്ള ഇടങ്ങളും മാപ്പു ചെയ്തിട്ടുണ്ടു്. (മറ്റു മാപ്പുകളുമായി താരതമ്യപ്പെടുത്തി) തെറ്റു വരാൻ സാധ്യതയുള്ളതിനാൽ ഇത് ശുപാർശ ചെയ്യുന്നില്ല.

പഠിച്ച കോളേജ് (College of Engineering Trivandrum) തരക്കേടില്ലാതെ മാപ് ചെയ്തെടുത്തിട്ടുണ്ടു്. https://www.openstreetmap.org/#map=18/8.54564/76.90503
അതേപോലെ കൊല്ലം നഗരം മാപു ചെയ്യാൻ ശ്രമിച്ചിട്ടുണ്ടു്. ഒരു മാസത്തോളമെടുത്ത് പലകുറി പോയി ട്രേസ് ചെയ്തിട്ടാണു ചിന്നക്കട-റെയിൽവേ സ്റ്റേഷൻ പരിസരവും മറ്റും മാപ്പ് ചെയ്യാനായതു്. https://www.openstreetmap.org/#map=17/8.88445/76.59257
അതേപോലെ എന്റെ പഞ്ചായത്തും ഏകദേശം മാപ്പിങ്ങ് നടത്താനായിട്ടുണ്ടു്.

6) മാപ്പിങ്ങിൽ തുടരാനുള്ള പ്രചോദനം എന്താണ് ?
ഓപൺ കൾച്ചറിനോടുള്ള ആഭിമുഖ്യം തന്നെയാണു പ്രധാനം. നമ്മൾ ഇന്നു ചെയ്യുന്ന ഒരു പ്രവർത്തി ഭാവിലെപ്പോഴെങ്കിലും മറ്റൊരാൾക്കു പ്രയോജനപ്പെട്ടേക്കാമെന്ന ചിന്തയാണു ഇതിന്റെ കാതൽ. നമ്മൾ ഇന്നുപയോഗിക്കുന്ന അറിവുകളും ഇതേപോലെയുള്ള പങ്കുവയ്ക്കലുകളിലൂടെ രൂപപ്പെട്ടതാണെന്ന തിരിച്ചറിവും ഇതോടൊപ്പം വരും.

7) പ്രളയാനന്തര കേരള പുനര്നിര്മാണത്തിൽ OSM, ന്റെ പ്രസക്തി എന്താണെന്നു നിങ്ങൾ കരുതുന്നു ?
വിവരകണികകളാൽ (ഡാറ്റ) നിയന്ത്രിക്കപ്പെടുന്ന ലോകഗതിയിൽ ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെയാണു ഭൂവിവരവും. സ്വതന്ത്രമായ പ്രാദേശികഭൂവിവരം വികേന്ദ്രീകൃതമായ വികസനപ്രവർത്തനങ്ങളുടെ ആസൂത്രണം മുതൽ ദുരന്തനിവാരണത്തിൽ വരെ പ്രധാനപ്പെട്ട ഒന്നാണു്. ഇ-ഭരണത്തിന്റെ കാലത്ത് ഇതു പൗരന്മാരെ ശാക്തീകരിക്കാനുതകുന്നു. പ്രളയം പോലുള്ള നിർണായകസമയങ്ങളിൽ ഗൂഗിൾ മാപ്സ് പോലുള്ള തുറന്നതല്ലാത്ത സംരംഭങ്ങളെ ഒരുപരിധിയിലധികം ആശ്രയിക്കാനാകില്ല. അവിടെയാണു ഓപൺസ്ട്രീറ്റ്മാപ്പിനു പ്രസക്തിയേറുക. ദുരന്ത നിവാരണത്തിന്റെ നാലുഘട്ടത്തിനും - മുന്നൊരുക്കം, പ്രതികരണം, ലഘൂകരണം, വീണ്ടെടുപ്പ് - ഓപൺസ്ട്രീറ്റ് മാപ്പിൽ അധിഷ്ഠിതമായ വിഭവനിർമ്മിതിക്കു പ്രസക്തിയുണ്ടു്. പക്ഷേ ഇതിനായി സർക്കാരിനോടൊപ്പം തന്നെ പൊതുജനങ്ങളുടേയും പങ്കാളിത്തം ആവശ്യമാണു്.