അപ്രതീക്ഷിതമായി കേരളം പ്രളയത്തിൽ അകപ്പെട്ടപ്പോഴാണ് ലൊക്കേഷൻ മാപ്പിംഗിന്റെ പ്രാധാന്യം നാം തിരിച്ചറിഞ്ഞത്. എവിടെയൊക്കെയാണ് ആളുകൾ കുടുങ്ങിക്കിടക്കുന്നതെന്ന് തിരിച്ചറിയാൻ, ദുരിതാശ്വാസ ക്യാമ്പുകൾ എവിടെയൊക്കെ പ്രവർത്തിക്കുന്നുണ്ടെന്ന് തിരിച്ചറിയാൻ, പ്രളയത്തിൽ പാലവും റോഡുമെല്ലാം കുത്തിയൊലിച്ച് പോയപ്പോൾ ദുരിതാശ്വാസ സാധനങ്ങൾ ഏത് മാർഗ്ഗം എത്തിക്കാനാകും എന്ന് തിരിച്ചറിയാൻ ഒക്കെ ലൊക്കേഷൻ മാപ്പിംഗ് വളരെയേറെ സഹായിച്ചേനെ…

ഇനിയൊരു ദുരന്തം ഉണ്ടാകുകയാണെങ്കിൽ അതിനെ ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാൻ നാം ഇന്നേ തയ്യാറായിരിക്കണം. നമ്മുടെ നാടും അതിൽ ലഭ്യമായിട്ടുള്ള വിഭവങ്ങളും റോഡുകളും പാലങ്ങളുമെല്ലാം അടയാളപ്പെടുത്തി വയ്‌ക്കേണ്ട സമയമാണിത്.

പ്രളയാനന്തരമുള്ള പുനർനിർമ്മാണപ്രവർത്തനങ്ങളിലും ഈ മാപ്പ് രൂപീകരണം നമ്മെ സഹായിക്കും. കുടിവെള്ള ക്ഷാമം, ഗതാഗത പ്രശ്‌നങ്ങൾ തുടങ്ങി സമൂഹത്തിൽ ഉണ്ടാകാൻ സാധ്യതയുള്ള മറ്റ് പ്രശ്‌നങ്ങൾക്ക് ദീർഘവീക്ഷണത്തോടെയുള്ള പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിനും ഈ ഡിജിറ്റൽ ഭൂപടം നമുക്ക് പ്രയോജനപ്പെടുത്താം.