വിവരസാങ്കേതിക വിദ്യയുടെ പ്രയോജനം എല്ലാ ദിവസവും അനുഭവിക്കുന്നവരാണ് നമ്മൾ. ഒരു സ്മാർട്ട് ഫോണുണ്ടെങ്കിൽ ഷോപ്പിംഗ് മുതൽ ബാങ്ക് ഇടപാടുകൾ വരെ എളുപ്പത്തിൽ ചെയ്യാം. അതുപോലെ നമ്മുടെ നാടും അതിന്റെ സവിശേഷതകളും ഡിജിറ്റൽ ഭൂപടത്തിന്റെ ഭാഗമാക്കാനും സ്മാർട്ട്ഫോണും / കമ്പ്യൂട്ടറും ഇന്റർനെറ്റ് കണക്ഷനും വളരെ കുറച്ച് സമയവും മാത്രം മതിയാകും.

ഒരു പ്രദേശത്തിന്റെ ഏറ്റവും ചെറിയ സവിശേഷതകൾ പോലും അവിടെ താമസിക്കുന്ന ആളുകൾക്ക് അറിയാനാകും. അവർ ഭൂപടത്തിൽ അവരുടെ നാടിനെ അടയാളപ്പെടുത്തുമ്പോൾ നൽകുന്ന വിവരങ്ങൾ അത്ര തന്നെ കൃത്യവുമായിരിക്കും. പ്രദേശവാസികളായ പൊതുജനങ്ങളുടെ പങ്കാളിത്തത്തോടെ ലോകത്താകമാനം ഓപ്പൺ സ്ട്രീറ്റ് മാപ്പുകൾ നിർമ്മിക്കപ്പെടുകയാണ്. ഇതിന്റെ ഭാഗമായി കേരളവും മാപ്പത്തോണിലൂടെ കേരളത്തെ അടയാളപ്പെടുത്തുന്നു.

അനുനിമിഷം മാറ്റങ്ങൾ ഉണ്ടായിക്കൊണ്ടിരിക്കുന്ന ഒരു സമൂഹത്തിന്റെ ഭൂപടവും അത്തരത്തിൽ മാറിക്കൊണ്ടിരിക്കണം. ഒരു ഓഫീസ് സ്ഥലം മാറുമ്പോൾ, പുതിയൊരു പാലം യാഥാർത്ഥ്യമാകുമ്പോൾ ആ മാറ്റവും ഭൂപടത്തിൽ അടയാളപ്പെടുത്തേണ്ടതുണ്ട്. ആ മാറ്റങ്ങൾ യഥാസമയം മാപ്പിലും കൊണ്ടുവരാൻ അവിടുത്തെ ജനങ്ങളും പര്യാപ്തരാകണം. ജനകീയമായി പുനർനിർമ്മിക്കപ്പെടുന്ന മാപ്പുകൾ ഉണ്ടാകുകയാണെങ്കിൽ അത് സമൂഹത്തിന് വലിയ ഗുണഫലങ്ങൾ നൽകും.

ഹൃദ്‌രോഗമുള്ള ഒരാളെ അടിയന്തിരമായി പ്രവേശിപ്പിക്കാൻ സാധിക്കുന്ന തൊട്ടടുത്തുള്ള ആശുപത്രി ഏതാണ്? നിലവിൽ അത് കണ്ടെത്താൻ പ്രയാസമാണ്. പക്ഷേ മാപ്പത്തോൺ യാഥാർത്ഥ്യമാകുമ്പോൾ ഇത്തരത്തിലുള്ള ഒട്ടനവധി ചോദ്യങ്ങൾക്ക് കൃത്യമായ ഉത്തരം അതിലൂടെ ലഭിക്കും.