കഴിഞ്ഞ 11, വർഷമായി ഓപ്പൺസ്ട്രീട് മാപ്പിൽ സംഭാവനകൾ നൽകിക്കൊണ്ടിരിക്കുന്ന ജെയ്സൺ നെടുമ്പാല കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമ പഞ്ചായത്ത് സെക്രട്ടറിയാണ് . ഭൂപട നിർമാണത്തോടുള്ള താല്പര്യം ആണ് ഇദ്ദേഹത്തെ ഈ രംഗത്ത് സജീവമാകാൻ പ്രേരിപ്പിച്ചത്. ജോലിയുടെ ഭാഗമായും അല്ലാതെയും മാപ്പിംഗ് രംഗത് ഇതിനോടകം നിരവധി എഡിറ്റുകൾ ഇദ്ദേഹം ചെയ്തു കഴിഞ്ഞു.

Jaisen Nedumpala

Secretary , Thamarassery Grama Panchayath

Education : School of Environmental Science, Kottayam (Msc Environmental Science and Management). Doing PhD in Environmental Science
OSM Contributor since: 2009
Total changeset: 400+

1. നിങ്ങൾ എപ്പോളാണു് ഓപ്പൺസ്ട്രീറ്റ്മാപ്പിനെക്കുറിച്ചു് അറിഞ്ഞതു്? എങ്ങനെ?
2009ലാണു്. സന്തോഷ് തോട്ടിങ്ങലുമായി നടത്തിയ ഒരു ഫോണ്‍ സംഭാഷണം വഴിയാണു് ആദ്യമായി ഓപ്പണ്‍സ്ട്രീറ്റ്മാപ്പിനെപ്പറ്റി അറിയുന്നതു്. ആ വര്‍ഷം നടന്ന എന്‍ ഐ ടി - സി മാപ്പിങ് പാര്‍ട്ടിയില്‍ വച്ചു് പ്രവീണ്‍ അരിമ്പ്രത്തൊടിയില്‍ സഹായിച്ചാണു് ആദ്യമായി ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ കാര്യമായി എഡിറ്റ് ചെയ്യുന്നതു്.

2. എത്ര വര്‍ഷമായി OSMല്‍?
11 വര്‍ഷങ്ങള്‍.

3. ആദ്യമായി മാപ്പ് ചെയ്തതു് എന്താണു് ?
ഞാന്‍ ആദ്യമായി മാപ്പ് ചെയ്തതു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലല്ല. സ്കൂളില്‍ പഠിക്കുന്ന കാലത്തു തന്നെ ഭൂപടങ്ങളോടു് താല്പര്യമുണ്ടായിരുന്നു. അന്നത്തെ എന്റെ പരിമിതമായ അറിവു വച്ചു് ഭൂപടങ്ങള്‍ വരയ്ക്കാന്‍ ശ്രമിച്ചിരുന്നു. പിന്നീടു് ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തില്‍ (കോഴിക്കോടു് ജില്ലയില്‍ പേരാമ്പ്രയ്ക്കടുത്തു്) ക്ലാര്‍ക്കായി ജോലി ചെയ്യുമ്പോള്‍ അവിടെത്തെ വിഭവഭൂപട നിര്‍മ്മാണം (റിസോഴ്സ് മാപ്പിങ്) സംബന്ധിച്ച ഫയല്‍ കൈകാര്യം ചെയ്യാനിടയായി. ഭൂപടം എങ്ങനെയാണു് തോതുകള്‍ വച്ചു് തയ്യാറാക്കിയെടുക്കുന്നതെന്നു അക്കാലത്തു് മനസ്സിലാക്കി (വര്‍ഷം 2003). പിന്നീടു് ആ ജോലിയില്‍ നിന്നും അവധിയെടുത്തു് മഹാത്മാഗാന്ധി സര്‍വ്വകലാശാലയില്‍ എം എസ് സിക്കു ചേര്‍ന്നപ്പോള്‍‍ ജി ഐ എസ്സും റിമോട്ട് സെന്‍സിങ്ങും ഒരു വിഷയമായി പഠിക്കാനുണ്ടായിരുന്നു. അതിന്റെ പാഠ്യപദ്ധതിയുടെ ഭാഗമായി ഒരു മുഴുവന്‍ സെമസ്റ്റര്‍ പ്രൊജക്‍ട് ചെയ്യേണ്ടിയിരുന്നു. അതു ചെയ്യാനായി ഞാന്‍ ബാംഗ്ലൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലേക്കു പോയി. അവിടെത്തെ സെന്റര്‍ ഫോര്‍ ഇക്കോളജിക്കല്‍ സയന്‍സസില്‍ വച്ചു് ഡോ: ടി. വി. രാമചന്ദ്രയുടെ കീഴില്‍, നേരത്തേ പറഞ്ഞ ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിന്റെ വിഭവഭൂപടങ്ങള്‍ (റിസോഴ്സ് മാപ്പുകള്‍) ആധാരമാക്കി സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളും സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റവും മാത്രമുപയോഗിച്ചു് ഒരു വെബ്ബ് ജിഐഎസ് (ജിയോവിഷ്വലൈസേഷന്‍) തയ്യാറാക്കി, അന്നു web4all.inല്‍ ലഭ്യമായിരുന്ന സെര്‍വ്വര്‍ സ്പേസില്‍ ഹോസ്റ്റ് ചെയ്തു (വര്‍ഷം 2008 - ഇപ്പോള്‍ ആ സെര്‍വ്വര്‍ പ്രവര്‍‍‍ത്തനക്ഷമമല്ല). ഇതൊക്കെയാണു് എന്റെ ആദ്യത്തെ മാപ്പിങ് പ്രവര്‍ത്തനങ്ങള്‍.

പിന്നീടാണു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പിനെപ്പറ്റി അറിയുന്നതു്. ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ഞാന്‍ ആദ്യം മാപ്പ് ചെയ്തതു് കോഴിക്കോടു് എന്‍ ഐ ടി ക്യാമ്പസ്സിലെ റോഡുകളും കെട്ടിടങ്ങളുമായിരുന്നെന്നാണു് ഓര്‍മ്മ.

4. എന്താണു് നിങ്ങൾ പ്രധാനമായും മാപ്പ് ചെയ്യുന്നതു്?
പ്രധാനമായും റോഡുകളും കെട്ടിടങ്ങളും തന്നെ. പിന്നെ തോടുകള്‍, കുളങ്ങള്‍, മറ്റു ജലാശയങ്ങള്‍, നടവഴികള്‍, വനം തുടങ്ങി‍ ഗ്രാമപഞ്ചായത്തുകളുടെ വിഭവഭൂപടങ്ങളില്‍ എന്തൊക്കെ ഉള്‍പ്പെടുത്താമോ, അതൊക്കെ മാപ്പ് ചെയ്തിട്ടുണ്ടു്.

5. നിങ്ങൾ എങ്ങനെയാണു മാപ്പ് ചെയ്യുന്നതു് ?
ഫീല്‍ഡില്‍ വച്ചു് ആന്‍ഡ്രോയിഡ് മൊബൈല്‍ ഫോണിലെ വിവിധതരം ആപ്പുകള്‍ വഴി ജിപിഎക്സ് ട്രാക്കുകളായും‍, ഓ എസ് എം - എക്സ് എം എല്‍ ഫയലുകളായും‍‍ ഡാറ്റ ശേഖരിക്കും. മാപ്പു ചെയ്യുന്ന സ്ഥത്തുവച്ചു തന്നെ നോട്ട്പാഡിലോ നോട്ട്ബുക്കിലോ കുറിപ്പുകളെടുക്കും. അതിനു ശേഷം ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറിലേക്കു് ഈ ഡാറ്റ കോപ്പി ചെയ്തെടുക്കും. എന്നിട്ടു് JOSM, iD എന്നീ അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകള്‍ ഉപയോഗിച്ചും അവയില്‍ ലഭ്യമായ ഉപഗ്രഹ ചിത്രങ്ങള്‍ പശ്ചാത്തലത്തില്‍ വച്ചും നോട്ട് ബുക്കിലെയോ നോട്ട്പാഡിലെയോ വിവരങ്ങളുമായി ഈ ഡാറ്റ താരതമ്യപ്പെടുത്തി ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലേക്കു് വിവരങ്ങള്‍ ചേര്‍ക്കും. ഇതാണു സാധാരണയായി എന്റെ രീതി. ഇതു കൂടാതെ ഫീല്‍ഡില്‍ പോകാതെ തന്നെ ഉപഗ്രഹചിത്രങ്ങള്‍ മാത്രം താരതമ്യം ചെയ്തും മേല്‍പ്പറ‍ഞ്ഞ രീതിയില്‍ മാപ്പ് എഡിറ്റ് ചെയ്തു വിവരങ്ങള്‍ ചേര്‍ക്കാറുണ്ടു്. ‍

6. നിങ്ങൾ സർവ്വേ നടത്താറുണ്ടോ ? നിങ്ങളൊരു Armchair mapper ആണോ ?
ഞാന്‍ സര്‍വ്വേ നടത്താറുണ്ടു്, ആംചെയര്‍മാപ്പിങ്ങും ചെയ്തിട്ടുണ്ടു്. ഏതാണു കൂടുതല്‍ നടത്തിയതെന്നു വേര്‍തിരിച്ചു പറയാന്‍ വയ്യ.

7. ഇപ്പോൾ നിങ്ങൾ മാപ്പ് ചെയ്യുന്നതു് എവിടെയാണു് ?
പ്രധാനമായും കോഴിക്കോടു് ജില്ലയിലെ സ്ഥലങ്ങള്‍. എന്നാല്‍ ഞാന്‍ പോകുന്ന മിക്കവാറും എല്ലാ സ്ഥലങ്ങളിലേയും വിവരങ്ങള്‍ മാപ്പില്‍ ചേര്‍ക്കാന്‍ ശ്രമിക്കാറുണ്ടു്.

8. മാപ്പർ എന്ന നിലയിൽ നിങ്ങളുടെ ഏറ്റവും വലിയ നേട്ടം എന്താണു്?
സമാനമനസ്കരും സ്വമേധയാ ഈ രംഗത്തേക്കു വന്നവരും കര്‍മ്മനിരതരും വിവിധ രാജ്യക്കാരുമായ നിരവധി സുഹൃത്തുക്കളെ ലഭിച്ചു. അവര്‍ ഇടപെടുന്ന മേഖലകളെക്കുറിച്ചു് പുത്തനറിവുകള്‍ ലഭിച്ചു. എന്റെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാപ്പിങ് അനുബന്ധ വിഷയങ്ങളില്‍ എന്റെ അറിവിന്റെ പരിധി കൂടാന്‍ വളരെയധികം സഹായിച്ചു.‍ ‍

9. നിങ്ങൾ എന്തിനാണു് മാപ്പ് ചെയ്യുന്നതു്? എന്താണു് നിങ്ങളെ പ്രചോദിപ്പിക്കുന്നതു്?
ആദ്യമൊക്കെ പ്രത്യേകിച്ചൊന്നിനും വേണ്ടിയല്ലാതെ, എന്റെ സ്വന്തം സന്തോഷത്തിനു വേണ്ടി ഒരു ഹോബിയായിട്ടാണു് മാപ്പിങ് കൊണ്ടു നടന്നിരുന്നതു്. ഇപ്പോള്‍, ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് മുന്നോട്ടു വയ്ക്കുന്ന, ഓപ്പണ്‍ ഡാറ്റയുടെ ലഭ്യത എന്ന ആശയം സമൂഹത്തില്‍ ഗുണപരമായ മാറ്റങ്ങളാണുണ്ടാക്കുക എന്ന തിരിച്ചറിവാണു് എന്നെ പ്രചോദിപ്പിക്കുന്നതു്. കൂടാതെ ഞാന്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങളുടെ (ഗ്രാമപഞ്ചായത്തുകളുടെ) കാര്യക്ഷമമായ ഭരണനിര്‍വ്വഹണത്തിനു് ഭൂപരമായതും കൃത്യതയുള്ളതുമായ വിവരങ്ങള്‍ ആവശ്യമുണ്ടു്. അതു് ലഭ്യമാക്കുന്നതിനു് ഓപ്പണ്‍സ്ട്രീറ്റ്മാപ്പെന്ന പ്ലാറ്റ്ഫോമിനെ ഉപയോഗപ്പെടുത്താമെന്ന ചിന്ത കൂടി ഇപ്പോള്‍ എന്നെ നയിക്കുന്നു.

10. മാപ്പിംഗ് നിങ്ങളുടെ ജീവിതത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടോ?
പ്രധാനമായും റോഡുകളും കെട്ടിടങ്ങളും തന്നെയാണു് മാപ്പില്‍ ചേര്‍ക്കാറുള്ളതു്. പിന്നെ തോടുകള്‍, കുളങ്ങള്‍, നടവഴികള്‍, വനം തുടങ്ങി‍ ഗ്രാമപഞ്ചായത്തുകളുടെ വിഭവഭൂപടങ്ങളില്‍ എന്തൊക്കെ ഉള്‍പ്പെടുത്താമോ, അതൊക്കെ മാപ്പ് ചെയ്തിട്ടുണ്ടു്.

മാപ്പിങ് എന്റെ ജീവിതത്തില്‍ വരുത്തിയ പ്രധാനപ്പെട്ട മാറ്റം, ഞാന്‍ സ‍ഞ്ചരിക്കുന്നതിനു പരിസരങ്ങളിലുള്ള വസ്തുക്കളെ കണ്ടു മനസ്സിലാക്കുന്ന രീതി തന്നെ മാറ്റിമറിച്ചു എന്നതാണു്. വ്യത്യസ്തതയുള്ള ഓരോന്നു കാണുമ്പോഴും അതിനെ എങ്ങനെ മാപ്പില്‍ ചേര്‍ക്കാമെന്നാണു് മനസ്സില്‍ ആദ്യം തോന്നുക. കൂടാതെ നേരത്തേ പറഞ്ഞതുപോലെ സമാനമനസ്കരും വിവിധ രാജ്യക്കാരുമായ നിരവധി സുഹൃത്തുക്കളെ ലഭിച്ചതും ഒരു ഗുണപരമായ മാറ്റം തന്നെ.

11. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമ്മാണത്തിൽ OSMനു് നിർണ്ണായകമായ പങ്കുവഹിക്കാൻ കഴിയുമോ? താങ്കളുടെ അഭിപ്രായം എന്താണു്?
കഴിയും. ഭൂപരമായ വിവരങ്ങള്‍ കൃത്യതയോടെ ലഭ്യമാകല്‍ പ്രാദേശിക തലത്തിലുള്ള ആസൂത്രണത്തിനു് അനിവാര്യമാണു്. സംസ്ഥാന തലത്തിലും കേന്ദ്രസര്‍ക്കാര്‍ തലത്തിലുമുള്ള സാങ്കേതികസ്ഥാപനങ്ങളടെ കൈവശമുള്ള ഭൂപരമായ വിവരങ്ങള്‍ (ഉപഗ്രഹ ചിത്രങ്ങളായാലും ഷേപ്പ്ഫയല്‍, ജിയോ ഡാറ്റാബേസ് തുടങ്ങിയ രൂപത്തിലുള്ളവയായാലും) താഴേത്തട്ടില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തു് പോലത്തെ സ്ഥാപനങ്ങള്‍ക്കു് ഇന്നും കിട്ടാക്കനിയാണെന്നു് സങ്കടത്തോടെ പറയട്ടെ. ന്യായമായ ആവശ്യങ്ങള്‍ക്കു് വേണ്ടി ഡാറ്റയ്ക്കു് അപേക്ഷിച്ചാല്‍പോലും അവര്‍ തരില്ലെന്നതാണു് സ്വന്തം അനുഭവം, അല്ലെങ്കില്‍ ഓരോ തരം ഡാറ്റയ്ക്കും താങ്ങാനാവാത്ത തുക ചാര്‍ജ്ജു ചെയ്തു് നിരുത്സാഹപ്പെടുത്തും. ആയതിനാല്‍ പ്രാദേശിക തലത്തില്‍ത്തന്നെ ഇത്തരം ഡാറ്റ നിര്‍മ്മിക്കാനും ആയതു് തടസ്സമില്ലാതെ ഏതു സമയത്തും ലഭ്യമാക്കാനുമുതകുന്ന തരത്തിലുള്ള സംവിധാനങ്ങളില്‍ ഇന്നുള്ള പ്രധാനപ്പെട്ട ഒന്നാണു് ഓപ്പണ്‍‍സ്ട്രീറ്റ്മാപ്പ്. പ്രാദേശികമായി ആളുകളെ ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് പരിചയപ്പെടുത്തുകയും,‍ മാപ്പ് എഡിറ്റ് ചെയ്തു് വിവരങ്ങള്‍ ചേര്‍ക്കാന്‍ അവരെ പരിശീലിപ്പിച്ചെടുക്കുകയും, അവര്‍ ചെയ്യുന്ന ജോലിക്കു് ചെറിയ തോതിലുള്ള ഒരു പ്രതിഫലം നല്കാനുള്ള അനുവാദം പ്രാദേശികാധികാരസ്ഥാപനങ്ങള്‍ക്കു് നല്കുകയും ചെയ്താല്‍ വലിയ തോതിലുള്ള വിവരശേഖരണത്തിനു് വഴിയൊരുങ്ങും. ഭൂപരമായ വിവരങ്ങള്‍ക്കായി സംസ്ഥാന തലത്തിലും കേന്ദ്രസര്‍ക്കാര്‍ തലത്തിലുമുള്ള സാങ്കേതികസ്ഥാപനങ്ങളടെ ദാക്ഷിണ്യത്തിനായി കാത്തു കെട്ടിക്കിടക്കേണ്ട ദുരവസ്ഥയില്‍നിന്നും ഗ്രാമപഞ്ചായത്തു് പോലത്തെ പ്രാദേശികാധികാര സ്ഥാപനങ്ങള്‍ മോചിതമാക്കപ്പെടും. അതിന്റെ ഗുണപരമായ പ്രതിഫലനം പ്രാദേശികതലത്തിലുള്ള ആസൂത്രണത്തിലും ഭരണത്തിലും പ്രകടമാകുകയും ചെയ്യും.

12. നിങ്ങൾ ഏതു ടൂളാണു് ഉപയോഗിക്കുന്നതു് ?
ആന്‍ഡ്രോയിഡ് ഫോണില്‍ പ്രധാനമായും ജിപിഎസ് ലോഗര്‍, ഒ എസ് എം ട്രാക്കര്‍ എന്നീ ആപ്പുകള്‍.
ഡെസ്ക്ടോപ്പ് കമ്പ്യൂട്ടറില്‍ ഡെബിയന്‍ ഗ്നു/ലിനക്സ് ഓപ്പറേറ്റിങ് സിസ്റ്റം, അതില്‍ ജാവയില്‍ പ്രവര്‍‍ത്തിക്കുന്ന ജോസം എന്ന അപ്ലിക്കേഷന്‍ സോഫ്റ്റ്‌വെയര്‍ പ്രോഗ്രാം, പിന്നെ ഓപ്പണ്‍സ്ട്രീറ്റ്മാപ്പിന്റെ ഇന്റര്‍ഫേസില്‍ത്തന്നെ ലഭ്യമായ ഐഡി എന്ന ടൂള്‍. ഓ എസ് എം ഡാറ്റ ഉപയോഗിച്ചു് കസ്റ്റം മാപ്പുകള്‍ തയ്യാറാക്കാന്‍ ക്യുജിഐഎസ് എന്ന സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമും, വിശദമായ അനാലിസിസുകള്‍ ചെയ്യാന്‍ ഗ്രാസ്സ് ജിഐഎസും ഉപയോഗിക്കാറുണ്ടു്.‍

13. നിങ്ങളുടെ ഏറ്റവും വലിയ നേട്ടം എന്താണു്?
സമാനമനസ്കരും സ്വമേധയാ ഈ രംഗത്തേക്കു വന്നവരും കര്‍മ്മനിരതരും വിവിധ രാജ്യക്കാരുമായ നിരവധി സുഹൃത്തുക്കളെ ലഭിച്ചു. അവര്‍ ഇടപെടുന്ന മേഖലകളെക്കുറിച്ചു് പുത്തനറിവുകള്‍ ലഭിച്ചു. എന്റെ ഈ മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ മാപ്പിങ് അനുബന്ധ വിഷയങ്ങളില്‍ എന്റെ അറിവിന്റെ പരിധി കൂടാന്‍ വളരെയധികം സഹായിച്ചു.

14. മാപ്പിംഗിന്റെ ഏറ്റവും പ്രയാസമേറിയ ഭാഗം ഏതാണു്?
ഇതില്‍ വളരെയധികം പ്രയാസമുള്ള ഒന്നും തന്നെയില്ല. പിന്നെ വേണമെങ്കില്‍,‍ ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ കൃത്യതയോടെ വിവരങ്ങള്‍ എഡിറ്റു ചെയ്തു ചേര്‍‍ക്കുന്ന പ്രക്രിയ അല്പം പ്രയാസമുള്ളതാണെന്നു പറയാം.

15. സമീപഭാവിയിലേക്കുള്ള നിങ്ങളുടെ മാപ്പിംഗ് പദ്ധതികൾ എന്തൊക്കെയാണു്?
പ്രത്യേകിച്ചു് വലുതായ പദ്ധതികളൊന്നും പറയാറായിട്ടില്ല. കോഴിക്കോടു് ജില്ലയിലെ കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തില്‍ ഞാന്‍ മുമ്പു് തുടങ്ങി വച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കണമെന്നുണ്ടു്. ഇപ്പോള്‍ അതു സമയം കിട്ടുന്ന മുറയ്ക്കു് ചെയ്തു വരുന്നു. കൂടാതെ ഒന്നു രണ്ടു മാപ്പിങ് പാര്‍ട്ടികളും നടത്താന്‍ പ്ലാനുണ്ടു്.

16. നിങ്ങൾക്കു് മറ്റു മാപ്പർമാരുമായി ബന്ധമുണ്ടോ?
ഉണ്ടല്ലോ. കേരളത്തിലെ മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലെയും, മറ്റു രാജ്യങ്ങളിലെയും മാപ്പര്‍മാരുമായി പലസമയത്തും ബന്ധപ്പെടാറുണ്ടു്.

17. നിങ്ങൾ സ്വയം ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിക്കുന്നുണ്ടോ?
ഉണ്ടു്. പല ആവശ്യങ്ങള്‍ക്കുമുള്ള കസ്റ്റം മാപ്പുകളുണ്ടാക്കാന്‍ പ്രധാനമായും ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലെ ഡാറ്റയാണു് ഉപയോഗിക്കാറു്. MAPS.ME എന്ന ആന്‍ഡ്രോയ്ഡ് ആപ്പ് ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലെ ഡാറ്റ ഉപയോഗിക്കുന്നു. നാവിഗേഷനു വേണ്ടിയും, പരിചയമില്ലാത്ത സ്ഥലത്തെത്തിപ്പെട്ടാല്‍ സ്ഥലമറിയുന്നതിനും വഴിയറിയുന്നതിനും വേണ്ടിയും അതുപയോഗിക്കാറുണ്ടു്. കൂടാതെ എന്റെ ഗവേഷണാവശ്യത്തിനും ഓപ്പണ്‍സ്ട്രീറ്റ്മാപ്പും അതിലെ ഡാറ്റയും ഉപയോഗിക്കുന്നുണ്ടു്.

18. ഓപ്പൺസ്ട്രീറ്റ് മാപ്പുമായി ബന്ധപ്പെട്ട മാപ്പിംഗ് അല്ലാതെ നിങ്ങൾ മറ്റെന്തെങ്കിലും ചെയ്യുന്നുണ്ടോ?
ഉണ്ടല്ലോ. മുമ്പു ജോലി ചെയ്ത കൂരാച്ചുണ്ടു് ഗ്രാമപ‍ഞ്ചായത്തില്‍ രണ്ടു പ്രാവശ്യമായി വളണ്ടിയര്‍മാരെ ക്ഷണിച്ചു വരുത്തി മാപ്പിങ് പാര്‍ട്ടികള്‍ നടത്തി ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലെ കൂരാച്ചുണ്ടുിന്റെ വിവരങ്ങള്‍ മെച്ചപ്പെടുത്തി. ഒ എസ് എം വളണ്ടിയര്‍മാരായി പലരെയും മാപ്പിങ്ങിലേക്കു് കൊണ്ടുവന്നു. 2017ല്‍ ജപ്പാനിലെ ഐസു-വാകാമാത്‌സു നഗരത്തില്‍ വച്ചു നടന്ന സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സില്‍ കേരള കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു് പങ്കെടുത്തു, പേപ്പര്‍ അവതരിപ്പിച്ചു. 2018ല്‍ ബാംഗ്ലൂരില്‍ വച്ചു നടന്ന സ്റ്റേറ്റ് ഓഫ് ദ മാപ്പ് - ഏഷ്യ കോണ്‍ഫറന്‍സിലും കേരള കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു് പങ്കെടുത്തു, പേപ്പര്‍ അവതരിപ്പിച്ചു. ഓപ്പണ്‍സ്ട്രീറ്റ്മാപ്പ് ഫൌണ്ടേഷനില്‍ നിലവില്‍ അംഗവുമാണു്. ഓപ്പണ്‍സ്ട്രീറ്റ്മാപ്പില്‍ ഇന്ത്യക്കു വേണ്ടി ഉപയോഗിച്ചു വരുന്ന പല തലത്തിലുള്ള അഡ്മിനിസ്ട്രേറ്റീവ് ബൌണ്ടറികള്‍ സംബന്ധിച്ച ഒരു ഭേദഗതി നിര്‍ദ്ദേശം കൂട്ടായി പ്രൊപ്പോസ് ചെയ്തപ്പോള്‍ അതില്‍ എന്റേതായ നിര്‍ദ്ദേശങ്ങള്‍ ചേര്‍ത്തു വിപുലപ്പെടുത്തിയിരുന്നു. ഇതിപ്പോഴും വ്യാപകമായി റിവ്യൂ ചെയ്യപ്പെട്ടിട്ടില്ല (കണ്ണി: https://wiki.openstreetmap.org/wiki/Talk:India/Boundaries/Proposal)‍.

ഓപ്പണ്‍സ്ട്രീറ്റ്മാപ്പിലല്ലാതെ റിമോട്ട് സെന്‍സിങ്ങും ജി ഐ എസ്സും വച്ചു് പരീക്ഷണങ്ങള്‍ നടത്താറുണ്ടു്. പല ആവശ്യങ്ങള്‍ക്കായി പലതരം ഭൂപടങ്ങള്‍ രചിച്ചിട്ടുണ്ടു്. സമാന മേഖലയില്‍ താല്പര്യമുള്ളവരെ ചേര്‍ത്തു കൊണ്ടു് ജിയോമൈന്‍ഡ്സ് എന്നൊരു സംഘടന രൂപീകരിച്ചു പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു വരുന്നു (കണ്ണി: http://geominds.in/). 2015ലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള പൊതു തിരഞ്ഞെടുപ്പുിനു മുന്നോടിയായി ഒരു വെബ്ബ് ജിഐഎസ് അധിഷ്ഠിത ഡാറ്റാ വിഷ്വലൈസേഷന്‍ തയ്യാറാക്കുകയുണ്ടായി (കണ്ണി: http://geominds.in/lsgielections/index.html).

വനം - വന്യജീവി വകുപ്പുിന്റെയും, മലബാര്‍ നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടേയും, കോട്ടയം നാച്ച്വറല്‍ ഹിസ്റ്ററി സൊസൈറ്റിയുടേയും മറ്റും ആഭിമുഖ്യത്തില്‍ നടക്കാറുള്ള വന്യജീവി, പക്ഷി, പൂമ്പാറ്റ മുതലായവയുടെ സര്‍വ്വേകളില്‍ പലപ്പോഴായി ഭാഗഭാക്കായിട്ടുണ്ടു്.

സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തകനാണു്. എന്റെ ഒരുവിധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, അനുബന്ധ ഉപകരണങ്ങള്‍ ഉപയോഗിക്കുകയും, അവയ്ക്കു വേണ്ടി വാദിക്കുകയും ചെയ്യാറുണ്ടു്. ഞാന്‍ സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങ് (കണ്ണി: https://smc.org.in/) എന്ന സാങ്കേതിക സംഘടനയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ഓപ്പറേറ്റിങ് സിസ്റ്റങ്ങളുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമുകളുടെയും മലയാളഭാഷാപിന്തുണയ്ക്കു വേണ്ടിയുള്ള പ്രാദേശികവല്ക്കരണ / അന്താരാഷ്ട്രവല്ക്കരണ പ്രവര്‍ത്തനങ്ങളില്‍ ചിലപ്പോഴൊക്കെ സ്വമേധയാ ഭാഗഭാക്കാകാറുണ്ടു്. സ്വതന്ത്ര മലയാളം കമ്പ്യൂട്ടിങ്ങിന്റെ നിര്‍വ്വാഹകസമിതി അംഗവുമാണു്. ചിലപ്പോള്‍ വിക്കിപീഡിയ എഡിറ്റ് ചെയ്യാറുണ്ടു്, വിക്കിമീഡിയ കോമണ്‍സിലേക്കു് ഫോട്ടോകളും മാപ്പുകളും മറ്റു വരപ്പുകളും അപ്‌ലോഡ് ചെയ്യാറുമുണ്ടു്.

പഞ്ചായത്തു ഭരണ നിര്‍വ്വഹണവുമായി ബന്ധപ്പെട്ട നിയമങ്ങളും ചട്ടങ്ങളും കാലാനുസൃതമാക്കി സൂക്ഷിക്കുന്നതിനു് വേണ്ടിയുള്ള ഒരു വിക്കി, പഞ്ചായത്തു് വകുപ്പിന്റെ നേതൃത്വത്തില്‍, ആര്‍ ജി എസ് എ (രാഷ്ട്രീയ ഗ്രാം സ്വരാജ് അഭിയാന്‍) സ്കീമില്‍പ്പെടുത്തി പഞ്ചായത്തു വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍, വിക്കിപീഡിയ പ്രവര്‍ത്തകരുടേയും പങ്കാളിത്തത്തോടെ തയ്യാറാക്കി വരുന്നു. ഇതു് താല്ക്കാലികമായി http://panchayatwiki.com/ എന്ന കണ്ണിയില്‍ ലഭ്യമാണു്.

ഞാന്‍ മലയാളത്തിലും ഇംഗ്ലീഷിലുമുള്ള രണ്ടു് വ്യക്തിഗത ബ്ലോഗുകള്‍ പരിപാലിച്ചു പോരുന്നുണ്ടു്. ചിലപ്പോഴെല്ലാം അവയില്‍ ഞാന്‍ എന്തെങ്കിലുമൊക്കെ കുത്തിക്കുറിയ്ക്കാറുണ്ടു്. കണ്ണികള്‍ താഴെ:
https://nedumpala.wordpress.com/
https://grandalstonia.wordpress.com/

19. എന്താണു് OSM നെ കുറിച്ചു് പറയാൻ ഉള്ളതു്?
കൃത്യതയോടെ ഉപയോഗിക്കുകയാണെങ്കില്‍ ഒഎസ്എം വളരെ മികച്ച നിലവാരം പുലര്‍ത്തുന്ന ഒരു പ്ലാറ്റ്ഫോമാണു്. അതിലെ ഓപ്പണ്‍ഡാറ്റാ സംവിധാനം നല്കുന്ന സൌകര്യങ്ങള്‍ കാര്യക്ഷമമായി നമ്മുടെ പ്രാദേശികാസൂത്രണത്തിനും ഭരണനിര്‍വ്വഹണത്തിനും പ്രയോജനപ്പെടുത്താവുന്നതുമാണു്.

20. കേരളത്തിലെ OSM പ്രവർത്തനത്തെ എങ്ങനെ വിലയിരുത്തുന്നു. കൂടുതൽ മികവുറ്റതാക്കാനുള്ള നിർദ്ദേശങ്ങൾ എന്തെങ്കിലും ഉണ്ടോ?
കേരളത്തിലെ മാപ്പിങ് കമ്മ്യൂണിറ്റി താരതമ്യേന ആക്ടീവാണു്. കൂടുതല്‍ വളണ്ടിയര്‍മാരെ മാപ്പിങ്ങിലേക്കു് ആകര്‍ഷിക്കാന്‍ തക്കവിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ - അതായതു് മാപ്പിങ് പാര്‍ട്ടികളായും മറ്റും - കമ്യുണിറ്റിയുടെ പങ്കാളിത്തത്തോടെ സര്‍ക്കാര്‍ നേതൃത്വത്തില്‍ നടത്തിയാല്‍ നന്നായിരിക്കും. കൂടുതല്‍ പേര്‍ ഈ മേഖലയിലേക്കു് കടന്നു വന്നാലേ മെച്ചപ്പെട്ട ഫലം ഉണ്ടാകൂ.

21. പുതിയ മാപ്പേഴ്സിന് എന്തെങ്കിലും നിർദ്ദേശങ്ങൾ കൊടുക്കാൻ ഉണ്ടോ?
മാപ്പിങ് ചെയ്യല്‍ രസകരമായ ഒരു പ്രവര്‍ത്തനമാണു്. കൂട്ടായി നമ്മളുണ്ടാക്കുന്ന ആ മാപ്പ് ഉപയോഗിക്കുന്നതും അതുപോലെ രസകരം തന്നെ. ഓരോ ഘട്ടത്തിലും അതു് പുത്തനറിവുകള്‍ സമ്മാനിക്കും. ഹാപ്പി മാപ്പിങ്…!

22. ഓപ്പൺസ്ട്രീറ്റ്മാപ്പ് ഉപയോഗിച്ചപ്പോൾ എന്തെങ്കിലും രസകരമായ അനുഭവങ്ങൾ ഉണ്ടായിട്ടുണ്ടോ?
കൂരാച്ചുണ്ടു് ഗ്രാമപഞ്ചായത്തില്‍ ആദ്യമായി മാപ്പിങ് പാര്‍ട്ടി നടത്തിയപ്പോഴുണ്ടായ അനുഭവങ്ങള്‍ ഇത്തരം പരിപാടികള്‍ നടത്താന്‍ വളരെയധികം പ്രചോദനം നല്കി. അതു് വിശദമായ ഒരു പോസ്റ്റായി താഴെ കണ്ണിയില്‍ ഇട്ടിട്ടുണ്ടു്:

https://blog.smc.org.in/mapping-efforts-in-an-unsurveyed-land-koorachundu/

എനിക്കു് ആദ്യമായി വിദേശത്തു പോകാനവസരം ലഭിച്ചതു് മാപ്പിങ് വഴിയാണു്. 2017ല്‍ ജപ്പാനിലെ ഐസു-വാകാമാത്സു നഗരത്തില്‍ വച്ചു നടന്ന സ്റ്റേറ്റ് ഓഫ് ദ മാപ്പ് കോണ്‍ഫറന്‍സില്‍ കേരള കമ്യൂണിറ്റിയെ പ്രതിനിധീകരിച്ചു് പങ്കെടുത്തതായിരുന്നു അതു്. അതും വിശദമായ ഒരു പോസ്റ്റായി താഴെ കണ്ണിയില്‍ ഇട്ടിട്ടുണ്ടു്:

സ്റ്റേറ്റ് ഓഫ് ദ മാപ്പ് 2017 കോണ്‍ഫറന്‍സും ജപ്പാന്‍ വിശേഷങ്ങളും

23. താങ്കൾക്കു് മറ്റെന്തെങ്കിലും പറയാനുണ്ടോ?
സ‍ര്‍‍‍ക്കാരിനു കീഴിലുള്ള സാങ്കേതികസ്ഥാപനങ്ങളടെ കൈവശമുള്ള ഭൂപരമായ വിവരങ്ങള്‍ (ഉപഗ്രഹ ചിത്രങ്ങളായാലും ഷേപ്പ്ഫയല്‍, ജിയോ ഡാറ്റാബേസ് തുടങ്ങിയ രൂപത്തിലുള്ളവയായാലും) പൊതുജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ചു ശേഖരിച്ചുണ്ടാക്കുന്നവയാണു്. എന്നാല്‍ താഴേത്തട്ടില്‍ യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാമപഞ്ചായത്തു് പോലത്തെ സ്ഥാപനങ്ങള്‍ക്കു് അവയില്‍ ഭരണഘടനാപരമായും നിയമപരമായും നിക്ഷിപ്തമായ ചുമതലകള്‍ കാര്യക്ഷമമായി നിര്‍വ്വഹിക്കുന്നതിനു വേണ്ടി ആവശ്യപ്പെട്ടാല്‍പ്പോലും ആ ഡാറ്റ ഇന്നും കിട്ടാക്കനിയണു്. ന്യായമായ ആവശ്യങ്ങള്‍ക്കു് വേണ്ടി ഡാറ്റയ്ക്കു് അപേക്ഷിച്ചാല്‍പോലും തരില്ലെന്നതാണു് സ്വന്തം അനുഭവം, അല്ലെങ്കില്‍ ഓരോ തരം ഡാറ്റയ്ക്കും താങ്ങാനാവാത്ത തുക ചാര്‍ജ്ജു ചെയ്തു് നിരുത്സാഹപ്പെടുത്തും. ഡാറ്റ ഇങ്ങനെ ആവശ്യക്കാര്‍ക്കു ലഭ്യമാക്കാതെ അടച്ചുപൂട്ടി വച്ചിരുന്നിട്ടു് ആര്‍ക്കും പ്രയോജനമില്ല. ആയതിനാല്‍ ആവശ്യപ്പെടുന്ന ആര്‍ക്കും, ഗ്രാമപഞ്ചായത്തുകള്‍ പോലത്തെ പ്രാദേശികാധികാരികള്‍ക്കു് പ്രത്യേകിച്ചും ആവശ്യമുള്ള ഡാറ്റ ആവശ്യമുള്ള സമയത്തു് തടസ്സങ്ങളില്ലാതെയും ഭാരിച്ച ചാര്‍ജ്ജു് ഈടാക്കാതെയും ഓപ്പണ്‍‍ ഡാറ്റ ആയി ലഭ്യമാക്കാനുള്ള സംവിധാനം സര്‍ക്കാര്‍ തലത്തിലൊരുക്കിയിരുന്നെങ്കില്‍.. എന്നു് പലപ്പോഴും തോന്നിയിട്ടുണ്ടു്.

മറ്റു പല ആവശ്യങ്ങള്‍ക്കും നമ്മള്‍ ഉപയോഗിക്കുന്ന മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു് മാപ്പിങ്ങിനായി ജിപിഎസ് ട്രാക്കുകള്‍ ശേഖരിക്കുന്നതു് അത്ര സൌകര്യപ്രദമല്ല എന്നു് പലപ്പോഴും തോന്നിയിട്ടുണ്ടു്. പലപ്പോഴും ഡാറ്റാ നഷ്ടപ്പെടുന്ന അവസ്ഥയുണ്ടായിട്ടുണ്ടു്, ബാറ്ററി തീര്‍ന്നു് ഡാറ്റ ശേഖരിക്കാന്‍ പറ്റാതായ അവസ്ഥയുണ്ടായിട്ടുണ്ടു്. അതുകൊണ്ടു്, ആക്ടീവായ മാപ്പര്‍മാരില്‍ ആവശ്യമുള്ളവര്‍‍‍ക്കു് ഒരു മെച്ചപ്പെട്ട ഹാന്‍ഡ്ഹെല്‍ഡ് ജി പി എസ് റിസീവര്‍ വാങ്ങാനുള്ള ധനസഹായം അനുവദിക്കുന്ന കാര്യം സര്‍ക്കാരിനു് പരിഗണിക്കാവുന്നതാണു്.

കൂടാതെ ഗ്രാമപഞ്ചായത്തുകള്‍ക്കും അതുപോലത്തെ മറ്റു ലോക്കല്‍ അതോറിറ്റികള്‍ക്കും ലഭ്യമായ ഫണ്ട് ഉപയോഗിച്ചു് ഓരോ ഹാന്‍ഡ്ഹെല്‍ഡ് ജി പി എസ് റിസീവര്‍ വാങ്ങാനുള്ള അനുമതി നല്കുന്ന കാര്യവും സര്‍ക്കാരിനു് പരിഗണിക്കാവുന്നതാണെന്നു തോന്നുന്നു.