കേരളത്തിന്റെ സ്വതന്ത്ര ഡിജിറ്റല്‍ ഭൂപടം നിര്‍മ്മിക്കാനുള്ള പദ്ധതിയായ മാപ്പത്തോണ്‍ കേരളയുമായി ബന്ധപ്പെട്ടു ഓപ്പണ്‍ സ്ട്രീറ്റ് മാപ്പിന്റെ ശില്പശാല നവം 10 ന് കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വ്വകലാശാലയില്‍ സംഘടിപ്പിച്ചു. സ്വതന്ത്ര വിജ്ഞാന ജനാധിപത്യ സഖ്യം എറണാകുളം ജില്ലാക്കമ്മറ്റി സംഘടിപ്പിച്ച പരിപാടിയില്‍ 25 ഓളം പേര്‍ പങ്കെടുത്തു. DAKF ജില്ലാ സെക്രട്ടറി കെ.വി.അനില്‍കുമാര്‍, കേരള സംസ്ഥാന ഐ.ടി മിഷനിലെ വെബ് ജിസ് ഡെവലപ്പര്‍ സരിത കെ.എസ്., കിരണ്‍ എസ് കുഞ്ഞുമോന്‍ എന്നിവര്‍ ക്ലാസ്സുകള്‍ നയിച്ചു. ശില്പശാലയില്‍ പങ്കെടുത്തവര്‍ കൊച്ചി സര്‍വ്വകലാശാലയില്‍ കാല്‍ നടയായി സഞ്ചരിച്ച് കെട്ടിടങ്ങളും വഴികളും ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ അടയാളപ്പെടുത്തി. ശില്പശാലയില്‍ ഉയര്‍ന്നുവന്ന അഭിപ്രായങ്ങളും ഭാവി പരിപാടികളും ക്രോഡീകരിച്ച് സ്വതന്ത്ര സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തകന്‍ അരുണ്‍ കൊയ്യം സംസാരിച്ചു. എറണാകുളം ജില്ലയിലെ അടയാളപ്പെടുത്താത്ത എല്ലാ കെട്ടിടങ്ങളും വഴികളും ജലാശയങ്ങളും പട്ടികപ്പെടുത്തി ഓപ്പണ്‍ സ്ട്രീറ്റ് മാപ്പില്‍ അടയാളപ്പെടുത്താനാണ് ശില്പശാലയില്‍ പങ്കെടുത്തവര്‍ തീരുമാനിച്ചിരിക്കുന്നത്. അതിനായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി കഴിഞ്ഞു. ഉച്ചയ്ക്ക് 2.30ന് ആരംഭിച്ച ശില്പശാല വൈകിട്ട് 5.30നാണ് അവസാനിച്ചത്.