മാപ്പത്തോണ്‍ കേരള പദ്ധതിയുടെ ഉദ്ഘാടനം ഒക്ടോബര്‍ 23ന് തിരുവനന്തപുരം ശ്രീചിത്ര തിരുന്നാള്‍ എഞ്ചിനീയറിംഗ് കോളേജില്‍ ബഹു. മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. വിവിധ കോളേജുകളുമായി നടത്തിയ വീഡിയോ കോണ്‍ഫെറന്‍സിലൂടെയാണ് പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചത്.

തുടര്‍ച്ചയായി രണ്ട് വെള്ളപ്പൊക്കങ്ങള്‍ നേരിട്ടവരാണ് നാം. ഇനിയൊരു പ്രകൃതിക്ഷോഭവും നമ്മെ ദുരിതത്തില്‍ ആഴ്താത്തിരിക്കാനുള്ള സംവിധാനങ്ങള്‍ ഒരുക്കാന്‍ ജാഗ്രതാപൂര്‍വ്വമായ ശ്രമങ്ങളാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ ചുറ്റുവട്ടത്തിന്റെ വിശദാംശങ്ങള്‍ ആവശ്യാനുസരണം പരിശോധിക്കുന്നതിനും പ്രാദേശികമായ സ്ഥലാധിഷ്ഠിത പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും വിശദമായ ഭൂപടം ആവശ്യമാണ്. പ്രളയജലത്തെ വേഗത്തില്‍ വഴിതിരിച്ചു വിടാനുള്ള മാര്‍ഗങ്ങളേതാണ്, ദുരന്തത്തിന്റെ ആഘാതം കുറയ്ക്കാനുതകുന്ന വിധം പെട്ടെന്ന് സുരക്ഷിത സ്ഥാനങ്ങളിലേക്ക് ആളുകളെ മാറ്റാവുന്ന വഴികളേതാണ്, ഓര്‍ക്കാപ്പുറത്ത് ഒറ്റപ്പെട്ട പ്രദേശങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തുന്നതിനുള്ള ബദല്‍ മാര്‍ഗങ്ങളേതാണ് തുടങ്ങിയവയെല്ലാം മുന്‍കൂട്ടി നിശ്ചയിക്കാന്‍ കഴിയണം. വിപുലമായ പങ്കാളിത്തത്തോടെ ഇത്തരമൊരു ഭൂപടം നമുക്കായി നമ്മള്‍ തന്നെ തയ്യാറാക്കുന്ന പദ്ധതിയായാണ് മാപ്പത്തോണ്‍ കേരള ചിട്ടപ്പെടുത്തിയിട്ടുള്ളതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓപ്പണ്‍ സ്ട്രീറ്റ് മാപ്പ് എന്ന സ്വതന്ത്ര സോഫ്റ്റവെയര്‍ അടിസ്ഥാനമാക്കിഭൂപടം തയ്യാറാക്കുന്ന ഈ പദ്ധതിയില്‍ ഐ ടി മിഷനൊപ്പം നാഷണല്‍ സര്‍വ്വീസ് സ്‌കീമിന്റെ പ്രവര്‍ത്തകരും ഐസി ഫോസും കൈകോര്‍ക്കുന്നു. തങ്ങളുടെ പ്രദേശത്തെ വിശദവിവരങ്ങള്‍ ഭൂപടത്തിലേക്ക് ചേര്‍ക്കുന്നതിന് സന്നദ്ധ സേവനം നല്‍കാന്‍ തയ്യാറുള്ള ഏതൊരാള്‍ക്കും ഇതില്‍ പങ്കാളിയാകാം. വിദ്യാര്‍ത്ഥികളോടും അദ്ധ്യാപകരോടും സര്‍ക്കാര്‍ ജീവനക്കാരോടും മാത്രമല്ല, എല്ലാ വിഭാഗത്തിലുമുള്ള തൊഴിലാളികളോടും സാമൂഹിക സംഘടനാ പ്രവര്‍ത്തകരോടും നവകേരള നിര്‍മ്മാണത്തില്‍ തത്പരരായ മുഴുവന്‍ കേരളീയരോടും ഈ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.